Category

പ്രളയാനന്തര ബഡ്ജറ്റ് ഇടുക്കിക്ക് സമ്മാനിച്ചത് മഹാദുരന്തം ,ജോസ് കെ.മാണി

 

പ്രളയത്തില്‍പാടേ തകര്‍ന്ന ഇടുക്കി ജില്ലയോട് ക്രൂരമായ അവഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ സമ്മാനിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

കേരളയാത്രയുടെ ഇടുക്കി ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഇടുക്കിയിലെ കര്‍ഷകര്‍ക്കാണ്. കൃഷി തകര്‍ന്നവര്‍ക്കും ഭൂമി നഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കും എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും ഒന്നും ചെയ്തില്ല. ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്ന വീടുകളും നിരവധിയാണ്. ഒരു വീട് പോലും പുനര്‍നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദീര്‍ഘകാല വിളകളെ സംരക്ഷിക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് കരുതിയ കര്‍ഷകര്‍ക്ക് കടുത്ത നിരാശയാണ് ബഡ്ജറ്റ് നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇടുക്കിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും മടി കാണിച്ച സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഇടുക്കി എന്നൊരു നാടുണ്ട് എന്നു മറന്നുകൊണ്ടുള്ള അവഗണന ആവര്‍ത്തിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

മലയോരകര്‍ഷകര്‍ക്ക് പോരാട്ടവീര്യം പകര്‍ന്ന് കേരളയാത്ര

ഇടുക്കി: കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ ഇടുക്കി ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനത്തിന് ആവേശകരമായ സമാപനം. രാവിലെ ഇരുമ്പുപാലത്ത് നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് അടിമാലി, നെടുംകണ്ടം, അണക്കര എന്നിവിടങ്ങളിലാണ് ഒന്നാം ദിവസത്തെ പര്യടനം നടന്നത്. ഇന്ന് (07.02.2019) രാവിലെ ചെറുതോണിയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമാകുന്നത്. വൈകുന്നേരം തൊടുപുഴയിലെ സമ്മേളനത്തോടെ ഇടുക്കി ജില്ലയിലെ പര്യടനം അവസാനിക്കും. ജനുവരി 24 ന് കാസര്‍കോഡ് നിന്നാണ് കേരളയാത്രയ്ക്ക് തുടക്കമായത്. ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ അവസാനിക്കും. ജാഥയുടെ ചീഫ് കോര്‍ഡിനേറ്റര്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. . അടിമാലിയിൽ നിന്നും ആരംഭിച്ച ഇടുക്കി ജില്ലയിലെ പര്യടനത്തിന് കർഷകർ ഉൾപ്പെടെയുള്ള ജന സമൂഹത്തിന്റെ വൻ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ നട്ടെല്ലായ കാർഷിക മേഖലയെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ് ജോസ് കെ മാണി യുടെ കേരള യാത്രയിൽ ഉടനീളം ഉയർന്നുകേട്ടത്. കലപ്പയുമേന്തി പാടത്തേക്കിറക്കുന്ന കർഷകനെ തീർത്തും അവഗണിക്കുന്നവർക്കെതിരെ ശക്തമായ താക്കീതുണ്ടായില്ലെങ്കിൽ കർഷകർ ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന സാഹചര്യം സംജാതമാകുമെന്ന സന്ദേശം ജാഥയിൽ ഉയർന്നുകേട്ടു. യു ഡി എഫ് സർക്കാരുകൾ കർഷകരോട് പുലർത്തിയ സഹാനുഭൂതി ബി ജെ പി, ഇടതു സർക്കാരുകൾ ഇല്ലാതാക്കിയതായി ജാഥയിൽ ഉയർന്നു കേട്ടു. ഏറ്റവും വിലക്കുറവുള്ള ഉത്പന്നങ്ങളായി കാർഷികവസ്തുക്കൾ മാറുന്നതിന്റെ വേദന അവരിൽ നിറഞ്ഞുനിന്നു.

രാജ്യത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്തവരായി ആകെയുള്ളത് കർഷകർ മാത്രമാണെന്ന് ജോസ് കെ മാണി ആരോപിച്ചു. കസ്തൂരിരംഗൻ, ഗാഡ്ഗിൽ തുടങ്ങിയ പേരുകൾ ആവർത്തിച്ച് കർഷകരെ ചിലർ ഒറ്റുകാരാക്കുന്നു. കർഷകരെ കൈയേറ്റകാരായി ചിത്രീകരിക്കരിക്കാൻ മടിയില്ല. സ്വന്തം നാട്ടിൽ കാർഷിക സ്വയം പര്യാപ്തത സംജാതമാക്കാൻ ശ്രമിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ജോസ് കെ മാണി ആരോപിച്ചു.

ഓരോ പോയിന്റിലും നൂറ് കണക്കിനാളുകളാണ് ജാഥാ ക്യാപ്റ്റനെ സ്വീകരിക്കാൻ കാത്തുനിന്നത്. പൂക്കളും പുഷ്പഹാരങ്ങളുമായി കാത്ത് നിന്നവരോട് സംസാരിച്ചും ചിരിച്ചും നീങ്ങിയ ജോസ് കെ മാണിയെ കണ്ടവർ ഓർത്തത് മുമ്പ് കെ എം. മാണി നടത്തിയ കേരള യാത്രയായിരുന്നു. കെഎം.മാണിക്ക് ഏറെ അടുപ്പമുള്ളവരാണ് ഇടുക്കി ജില്ലയിലെ മുതിർന്നവർ. കർഷകർക്കൊപ്പം തലയുയർത്തി നിന്ന മാണി സാറിനെ പോലെ കർഷകരെ ചേർത്തുപിടിച്ച് ജോസ് കെ മാണി പര്യടനം തുടരുന്നു.

അടിമാലിയില്‍ നടന്ന സ്വീകരണ സമ്മേളനം എ.കെ മണി എക്‌സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നെടുംകണ്ടത്ത് ഡി.സി.സി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്, അഡ്വ.അലക്‌സ് കോഴിമല, രാരിച്ചന്‍ നിരണാകുന്നേല്‍, സാബു പരവരാകത്ത്, അഡ്വ.എം.എം മാത്യു, റെജി കുന്നംകോട്ട്, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ബാബു കക്കുഴി, ജിമ്മി മറ്റത്തിപ്പാറ, ജോസ് പാലത്തിനാല്‍, ജിന്‍സന്‍ വര്‍ക്കി, തോമസ് പെരുമന, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മൗലവി, പ്രമോദ് നാരായണ്‍, ജോബ് മൈക്കിള്‍, സജി കുറ്റിയാനിമറ്റം, തങ്കച്ചന്‍ വാലുമ്മേല്‍, ഷിജോ തടത്തില്‍, എം.മോനിച്ചന്‍, കെ.എന്‍ മുരളി, ഫിലിപ്പ് മലയാറ്റില്‍, ടി.ജെ ജേക്കബ്, ജോര്‍ജ് അമ്പഴം, ബോബന്‍ ജോണ്‍, ജോയി കിഴക്കേപ്പറമ്പില്‍, ടോമി തീവെള്ളി തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിച്ചു.