Category

കെ.എം മാണി കാലത്തിന് മുന്നേ നടന്ന സൈദ്ധാന്തികൻ, വേർപാടിന്റെ ഒന്നാം വാർഷികം ഏപ്രിൽ 9 ന്

അധ്വാനവർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ നമ്മുടെ രാഷ്ട്രീയ സാമ്പത്തിക സൈദ്ധാന്തികർക്കിടയിൽ ഉന്നതമായ അലങ്കരിക്കുവാൻ കഴിഞ്ഞ പ്രതിഭാശാലിയാണ് കെ.എം മാണി സാർ.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ മാണിസാർ കടന്നു ചെല്ലാത്ത സമരമുഖങ്ങളോ കർമമേഖലകളോ വിജ്ഞാനശാഖകളോ ഇല്ലെന്ന് തന്നെ പറയാം. നിയമ പണ്ഡിതൻ, രാഷ്ട്രീയ നേതാവ്, നിയമസഭാ സാമാജികൻ, ഭരണാധികാരി, ധനകാര്യ വിദഗ്ധൻ, വാഗ്മി, ഗ്രന്ഥകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാ പ്രതിഭയാണദ്ദേഹം.

മാർക്സിയൻ സിദ്ധാന്തത്തിന് ബദലായി അദ്ദേഹം അധ്വാനവർഗ സിദ്ധാന്തത്തിന് രൂപം നൽകി. മാർക്സിയൻ സിദ്ധാന്തത്തിന്റെ തകർച്ചയെയും ജനാധിപത്യ പുനഃസംഘടനയെയും മുൻകൂട്ടി കാണാൻ മാണിസാറിന് കഴിഞ്ഞു. ഭരണഘടനാ പരിഷ്കാരത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, “ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും” എന്ന നിർവചനത്തിലൂടെ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾക്ക് തനത് വ്യാഖ്യാനം നൽകുകയും ചെയ്തു.

കേരളത്തിന്റെ സമ്പദ്ഘടനയെയും കാർഷിക മേഖലയെയും സംബന്ധിച്ചു കെ.എം മാണിസാറിനെപോലെ ഇത്ര ആഴത്തിൽ പഠിച്ച രാഷ്ട്രീയ നേതാക്കളോ സാമ്പത്തിക വിദഗ്ധരോ വിരളമാണ്. സാമ്പത്തിക സൈദ്ധാന്തികത്തിന്റെയും കാർഷിക വിദഗ്ദ്ധന്റെയും സ്വരമാണ്, “കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്രനയവും”, “കേരള വികസനം ആഗോളവത്‌കൃത പശ്ചാത്തലത്തിൽ”, “കാർഷിക സമ്പദ് വ്യവസ്ഥ ആസൂത്രണവും വികസനവും”, എന്നീ പ്രബന്ധങ്ങളിൽ മുഴുങ്ങുന്നത്. കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയെ സംബന്ധിച്ച വിലപ്പെട്ട ഗവേഷണ പ്രബന്ധങ്ങളായി കാലമേറെ കഴിഞ്ഞാലും ഇവനിലകൊള്ളും എന്നതിന് സംശയമില്ല.

കാലത്തിന്റെ മാറ്റങ്ങളെ മുൻകൂട്ടി കാണാനും അവയോട് ശക്തമായി പ്രതികരിക്കാനും സാധിച്ചു എന്നതാണ് മാണിസാറിന്റെ വിജയരഹസ്യം എന്ന് മനസിലാക്കുവാൻ സാധിക്കും. ആഗോളവത്‌കരണം ആസ്പദമാക്കി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ ഡൽഹിയിൽ നടന്ന ദേശീയ സെമിനാറിൽ മാണിസാർ അവതരിപ്പിച്ച “ആഗോളവത്‌ക്കരണവും ഏഷ്യൻ സാമ്പത്തിക സമൂഹവും” എന്ന പ്രബന്ധത്തിലാണ് ‘ഏഷ്യൻ സാമ്പത്തിക സമൂഹം’ എന്ന ആശയം ആദ്യമായി ലോക ശ്രദ്ധയിലേക്ക് കടന്നുവരുന്നത്. ആഗോളവത്ക്കരണം ഏഷ്യൻ കാർഷിക രംഗത്ത്‌ ഉയർത്തുന്ന വെല്ലുവിളികളെ തികച്ചും ഉചിതമായി അദ്ദേഹം വിശകലനം ചെയ്തു. മാറിയ ലോക പരിതസ്ഥിതിയിൽ കേരള വികസനത്തെ സംബന്ധിച്ചു ക്രിയാത്മക നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും ഈ സൈദ്ധാന്തികന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തി പന്ത്രണ്ട് സെപ്റ്റംബർ ആറിന് ലണ്ടനിലെ ബ്രിട്ടീഷ് ഹൌസ്സസ് ഓഫ് പാർലമെന്റിൽ മാണിസാർ അധ്വാവർഗ സിദ്ധാന്തം അവതരിപ്പിക്കുകയുണ്ടായി. അടുത്ത ദിവസം ഓക്സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയിൽ ക്ഷണിക്കപ്പെട്ടപെട്ട സദസിന് മുൻപാകെയും അധ്വാവർഗ സിദ്ധാന്തം അവതരിപ്പിച്ചു

.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മികവാർന്ന വ്യക്തിത്വത്തിന് ഉടമയായ മാണിസാറിന് ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ വി.പി മേനോൻ അവാർഡ് ഇന്ത്യൻ പ്രസിഡന്റ്‌ കെ.ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

“ജനക്ഷേമം ജനങ്ങളുടെ അവകാശം”, “കാർഷിക സമ്പദ്ഘടനയും കേരളവും”, “വികസനവും വിഭവശേഷിയും” എന്നീ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴു മുതൽ നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ “കെ.എം മാണിയുടെ നിയമസഭാ പ്രസംഗങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാണിസാർ കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടാണ് കടന്നുപോയത്.

പ്രിയ നേതാവിന്റെ മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു….