കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് യു.പി.എ യോഗത്തില്‍ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇന്ത്യയുടെ കാര്‍ഷിക മേഖല നേരിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പാക്കേജ് കടക്കെണിയിലായ കര്‍ഷകന്റെ മുന്നില്‍ കൂടുതല്‍ കടമെടുക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ ഏറ്റവും പാവപ്പെട്ടവരായ ആളുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന നിര്‍ദേശങ്ങളൊന്നുമില്ല. സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്ത ഇന്ത്യയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വരുന്ന മൂന്ന് മാസത്തേക്ക് പ്രതിമാസം പതിനായിരം രൂപയും സൗജന്യ ഭക്ഷ്യധാന്യനും നല്‍കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. റബര്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ തനത് വിളകള്‍ക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം.

മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെത്തുടര്‍ന്ന് പതിനായിരകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. അവരെ സഹായിക്കുന്ന ഒരു നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് കാലത്ത് ജീവന്‍പണയം വെച്ച് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുണ്ടാവണം. ഈ നിര്‍ദേശങ്ങള്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

By admin