Category

കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയോ, കൃഷിയുടെ ലാഭനഷ്ടങ്ങളെപ്പറ്റിയോ യാതൊരു പഠനവും നടത്താതെ സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2019 ഡിസംബറില്‍ നാല് ശതമാനം സ്വര്‍ണ്ണപണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയത്്. കൃഷിവകുപ്പ് മന്ത്രി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് മാസം കേന്ദ്രത്തിന്റെ അഞ്ച് അംഗസംഘം കേരളത്തിലെത്തുകയും സംസ്ഥാനത്ത് ആകെയുള്ള 7482 വാണിജ്യബാങ്ക് ശാഖകളില്‍ ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 30 ല്‍താഴെ ശാഖകളില്‍ മാത്രം പരിശോധന നടത്തിയിട്ടാണ് 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണവായ്പ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ ശാഖയിലാണ് പരിശോധന നടത്തിയത്. സ്വര്‍ണ്ണപ്പണയ കൃഷിവായ്പയ്ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന കൃഷിമന്ത്രിയുടെ നിര്‍ദേശവും കേന്ദ്രസംഘം അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. കേന്ദ്രസംഘം നടത്തിയ പരിശോധനക്കൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശവും സ്വര്‍ണ്ണപ്പണയ കൃഷിവായ്പ നിര്‍ത്തരുതെന്നായിരുന്നു. കൃഷിക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പയാണിതെന്നും സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വീണ്ടും സമ്മര്‍ദ്ധം ചെലുത്തിയതിനെത്തുടര്‍ന്നായിരുന്നു കേന്ദ്രധനസെക്രട്ടറി രാജീവ് കുമാര്‍ വാണിജ്യബാങ്ക് ചെയര്‍മാന്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണവായ്പ നിര്‍ത്തലാക്കിയതും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് (കെ.സി.സി) ഏര്‍പ്പെടുത്തിയതും. കൃഷിക്കാര്‍ക്ക് മാത്രം 4 ശതമാനം സ്വര്‍ണ്ണപ്പണയ വായ്പ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇത്തരം വായ്പകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയാകണന്നായിരുന്നു കൃഷിമന്ത്രിയുടെ നിര്‍ദേശം.

പലിശ സബ്‌സിഡിക്ക് അര്‍ഹത ഉണ്ടാകണമെങ്കില്‍ കര്‍ഷകര്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഹാജരാക്കണമെന്നാണ് നിലവിലുള്ള നിര്‍ദേശം. എന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍ പത്ത് ശതമാനത്തിന് പോലും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്ളവരല്ല. കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കൃഷി വകുപ്പിനാണ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കൃഷിവകുപ്പ് ഇപ്പോള്‍ പറയുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി വായ്പ പരിമിതപ്പെടുത്തുന്നത് ഈ പദ്ധതിയുടെ ലക്ഷ്യത്തെതന്നെ തകര്‍ക്കും അതുകൊണ്ടുതന്നെ നിലവിലുള്ള അതേരീതിയില്‍തന്നെ എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിനുള്ള നടപടികളുണ്ടാവണം.

2019 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 3392 ശാഖകളുള്ള പൊതുമേഖലബാങ്കുകള്‍ 272470 കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പകളായി 4027.72 കോടി രൂപയും കേരളാ ഗ്രാമീണ്‍ ബാങ്ക് (634 ശാഖകള്‍)145911 കെ.സി.സി വായ്പളിലായി 1336.16 കോടി രൂപയും 2275 ശാഖകളുള്ള സ്വകാര്യവാണിജ്യ ബാങ്കുകള്‍ 327304 കെ.സി.സി വായ്പളിലായി 8885.97 കോടി രൂപയും 805 ശാഖകളുള്ള പഴയ ജില്ലാ ബാങ്കുകള്‍ 836479 കെ.സി.സി വായ്പളിലായി 3384.89 കോടി രൂപയും 21 ശാഖകളുള്ള പഴയ സംസ്ഥാന സഹകരണ ബാങ്ക് കെ.സി.സി വായ്പളൊന്നും നല്‍കിയിട്ടില്ല. അങ്ങനെ കേരളത്തില്‍ 7482 ശാഖകളിലായി 1582793 കെ.സി.സി വായ്പളിലായി 17613.10 കോടി രൂപയാണ് കേരളത്തിലെ കെ.സി.സി വായ്പകള്‍. ഇതില്‍ സ്വകാര്യ വാണിജ്യബാങ്കിന്റെ ഭാഗമായ 183 ശാഖകള്‍ മാത്രമുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് കേരളത്തില്‍ 267276 കെ.സി.സി വായ്പളിലായി 3143.05 കോടി രൂപ വായ്പ നല്‍കി എന്ന കണക്കും 805 ശാഖകള്‍ മാത്രമുള്ള പഴയ ജില്ലാ ബാങ്കുകള്‍ 836449 കെ.സി.സി വായ്പകള്‍ നല്‍കി എന്ന കണക്കും വിശ്വസനീയമല്ല. ഈ രണ്ട് ബാങ്കിലേയും കണക്ക് ഒഴിവാക്കിയാല്‍ കേരളത്തില്‍ 479068 കെ.സി,സി വായ്പകളാണുള്ളത്.
460 ശാഖകളുള്ള കാനറാ ബാങ്കില്‍ 55164 കെ.സി.സിയും 1183 ശാഖകളുള്ള എസ്.ബി.ഐയില്‍ 93354 കെ.സി.സി വായ്പള്‍ മാത്രമെ ഉള്ളൂ. 285 ശാഖകളുള്ള കാത്തലിക് സിറിയന്‍ ബാങ്കില്‍ കേവലം 776 കെ.സി.സി അക്കൗണ്ടുകള്‍ മാത്രമാണുള്ളത്. 602 ശാഖകളുള്ള ഫെഡറല്‍ ബാങ്കില്‍ 41443 കെ.സി.സി വായ്പകളും 474 ശാഖകളുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 11994 കെ.സി.സി വായ്പകളാണുമുള്ളത്. കേരളത്തിലെ കെ.സി.സി വായ്പകളുടെ ദയനീയ സ്ഥിതിയാണ് കാണിക്കുന്നത്.

സംസ്ഥാനത്തെ പൊതുമേഖല വാണിജ്യബാങ്കുകളില്‍ 2019 സെപ്റ്റംബര്‍ മാസത്തെ കണക്കനുസരിച്ച് 3215603 സ്വര്‍ണ്ണപ്പണയ വായ്പകളിലായി 33193.03 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 3093201 വായ്പകളും 31916.69 കോടി രൂപയും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണ വായ്പളാണ്. കേരളത്തിലെ സ്വകാര്യവാണിജ്യ ബാങ്കുകളില്‍ 8757.52 കോടി രൂപയുടെ 964743 സ്വര്‍ണ്ണപ്പണയ വായ്പകളില്‍ 7110.77 കോടി രൂപയുടെ 762952 സ്വര്‍ണ്ണപ്പണയവായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്. ചുരുക്കത്തില്‍ കേരളത്തിലെ 7482 വാണിജ്യബാങ്കുകളിലുള്ള 52207.01 കോടി രൂപയുടെ 5670190 സ്വര്‍ണ്ണവായ്പകളില്‍ 49197.59 കോടി രൂപയുടെ 5326750 സ്വര്‍ണ്ണപ്പണയവായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്.
2019 സെപ്റ്റംബറില്‍ കേരളത്തില്‍ ആകെ 7541910 കാര്‍ഷിക വായ്പളിലായി 83610.28 കോടി രൂപ വായ്പ നല്‍കിയതില്‍ 49197.59 കോടി രൂപയുടെ 5326750 വായ്പകളും 4 ശതമാനം കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പകളാണ്. ആകെ കാര്‍ഷിക വായ്പ അക്കൗണ്ടുകളുടെ 71 ശതമാനവും വായ്പ തുകയുടെ 59 ശതമാനവും 4 ശതമാനം സ്വര്‍ണ്ണപ്പണയ വായ്പകളാണ്.
ഈ സാഹചര്യത്തില്‍ വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നിയമകുരുക്കുകളില്ലാതെ അതിവേഗം ലഭ്യമാകുന്ന സ്വര്‍ണ്ണപ്പണയ വായ്പ സബ്‌സിഡി തുടരാന്‍ റിസര്‍വ് ബാങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇക്കാര്യത്തില്‍ സ്വീകരിച്ച അപ്രായോഗികവും കര്‍ഷക വിരുദ്ധവുമായ നിലപാട് കൃഷിവകുപ്പ് തിരുത്തണം.