കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുവദിച്ചു.
കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയിലൂടെ ലഭിച്ച ആഹ്ലാദകരമായ അവസരമാണിത്. ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റേയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിധി. മാണിസാറിന്റെ ആത്മാവും നമ്മോടൊപ്പം ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നുണ്ടാവും എന്ന് ഞങ്ങള്ക്ക്് ഉറപ്പാണ്.
മാണിസാറിന്റെ രാഷ്ട്രീയത്തെയും, മാണിസാര്‍ പതിറ്റാണ്ടുകള്‍ക്കൊണ്ട് പടുത്തുയര്‍ത്തിയ കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഈ വിധി. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സ് (എം) ഏതാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം. കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ഞങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാം ജോസ് പക്ഷമെന്ന വിശേഷിപ്പിച്ചവരുണ്ട്. ഇനി ആ പ്രയോഗങ്ങളെല്ലാം അവസാനിക്കുകയാണ്. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ യഥാര്‍ത്ഥ അവകാശികള്‍ ഞങ്ങളാണെന്ന് പരമോന്നത ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി മുതല്‍ കേരളാ രാഷ്ട്രീയത്തില്‍ ഒരേ ഒരു കേരളാ കോണ്‍ഗ്രസ്സ് (എം) മാത്രമേയുള്ളൂ. ഔദ്യോഗിക കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ചിഹ്നം മാണിസാര്‍ കര്‍ഷകരാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയര്‍ത്തിപ്പിടിച്ച രണ്ടില തന്നെ ആയിരിക്കും. ഈ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
കേരളാ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ ശിഥിലമാക്കി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. മാണിസാറിന്റെ വേര്പാടിന്ശേഷം ഈ പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ അച്ചാരം വാങ്ങിയവരുടെ രാഷ്ട്രീയ ഗൂഡാലോചനയാണ് കേരളം കണ്ടത്. കേരളാ രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവിനെതിരെയും ഉണ്ടായിട്ടില്ലാത്ത നീചമായ വ്യക്തിഹത്യയും വേട്ടയാടലും എനിക്കെതിരെ ഉണ്ടായത്. കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ശ്രമിച്ച, മാണി സാറിന്റെ ആത്മാവിനെപ്പോലും നിന്ദിച്ച ശക്തികളോട് സന്ധിയില്ലാതെ പൊരുതുക എന്ന രാഷ്ട്രീയ ചുമതലമാണ് ഞാന്‍ ഏറ്റെടുത്തത്. ആ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജോസഫ് ഗീബല്‍സിനെപ്പോലും തോല്‍പ്പിക്കുന്ന കള്ളപ്രചരണങ്ങളും നുണക്കഥകളുമാണ് ചിലര്‍ പ്രചരിപ്പിച്ചത്. സ്വന്തമായി മേല്‍വിലാസമില്ലാത്തവര്‍ അഭയംകൊടുത്ത തറവാടിനെ കുതന്ത്രങ്ങളിലൂടെ അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിന്റെ പേരിലായിരുന്നു ഈ വേട്ടയാടല്‍. ഏറ്റവും നീചമായ പദപ്രയോഗങ്ങള്കൊണ്ടു പോലും എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. വ്യക്തിഹത്യ ആവര്‍ത്തിച്ചപ്പോഴൊന്നും ആ നിലയിലുള്ള ഒരു പദപ്രയോഗംപ്പോലും തിരികെ ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം മാണിസാര്‍ നമ്മെ പഠിപ്പിച്ച രാഷ്ട്രീയ സംസ്ക്കാരം അതായിരുന്നു. അധിക്ഷേപിച്ചവരോടും, നിരന്തരം വേട്ടയാടിവരോടും എനിക്ക് പരാതിയില്ല. ഞാന്‍ ഉയര്‍ത്തിയ നിലപാടുകളുടെ പിന്നില്‍ രാഷ്ട്രീയമാണ് ഉണ്ടായിരുന്നത്.
ആത്യന്തികമായി നീതിയും, സത്യവും വിജയിക്കും എന്ന് ഉറപ്പായിരുന്നു. നിര്‍ണ്ണായകമായ രാഷ്ട്രീയ പോരാട്ടത്തില്‍ സത്യത്തിനൊപ്പം ജനങ്ങള്‍ നിന്നത് വലിയ കരുത്തായി മാറി. ഇപ്പോള്‍ നിയമവും ആ രാഷ്ട്രീയനീതിക്കൊപ്പം നിന്നു എന്നത് അഭിമാനകരമാണ്. ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന, മാണി സാറിനെ ഹൃദയചിഹ്നമായി സ്നേഹിക്കുന്ന ലക്ഷകണക്കായ പാര്‍ട്ടി പ്രവര്‍ത്തകരോട് വലിയ കടപ്പാടാണ് എനിക്കുള്ളത്. നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കാന്‍ കരുത്ത് പകര്‍ന്ന തോമസ് ചാഴികാടന് എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്, ഡോ.എന്‍.ജയരാജ്, എക്സ്. എം.എല്‍.എമാര്‍, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം, 14 ജില്ലാ കമ്മറ്റികള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പാര്‍ട്ടി ഘടകങ്ങള്‍, ലക്ഷകണക്കായ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
കേരളാ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കുതിര ചിഹ്നം തട്ടിയെടുത്തപ്പോള്‍ ലഭിച്ച രണ്ടില എന്ന ചിഹ്നത്തെ കര്‍ഷകരാഷ്ട്രീയത്തിന്റെ പ്രതീകമാക്കിയത് മാണി സാര്‍ നടത്തിയ നിരന്തരമായ ഇടപെടലുകളും പോരാട്ടങ്ങളുമാണ്. ആ ചിഹ്നം കവര്ന്നെടത്തുക്കൊണ്ട് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം കൂടി കവര്‍ന്നെടുക്കാന്‍ നടത്തിയ ഗൂഡാലോചനയ്ക്ക് ചരിത്രം നല്കിയ തിരിച്ചടിയാണ് ഈ വിധി.
നിര്‍ണ്ണായകമായ തെരെഞ്ഞെടുപ്പുകളിലെല്ലാം ചിഹ്നം നല്കാന് അവകാശം തനിക്കാണ് എന്ന് പറഞ്ഞ് വിവാദം ഉയര്‍ത്തിയും, ചെയര്‍മാന്റെ അധികാരം തനിക്കാണ് എന്ന് പറഞ്ഞ് നുണ പ്രചരണം നടത്തിയും ആവര്‍ത്തിച്ച പരാക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധി.
മാണി സാറിന്റെ ഓര്‍മ്മകളെപ്പോലും അപമാനിക്കുകയും, മാണി സാറിന്റെ രാഷ്ട്രീയത്തെ ഒറ്റുകൊടുക്കയും ചെയ്തവര്‍ക്ക് ഈ ചിഹ്നത്തില്‍ അര്‍ഹതയില്ല എന്നതിലൂടെ തെളിയിക്കപ്പെട്ടത് കാലത്തിന്റെ നീതിയാണ്.
മാണി സാറിന്റെ വേര്പാടിന്ശേഷമുണ്ടായ നിര്‍ണ്ണായകമായ രാഷ്ട്രീയഘട്ടത്തില്‍ കേരളത്തിലെ മഹാഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും സത്യത്തിന് ഒപ്പമാണ് നിന്നത്. എന്നാല്‍ അപൂര്‍വ്വം ചില ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു, അവരില്‍ അങ്ങേയറ്റം ഞാന്‍ ആദരിക്കുന്ന പിതൃതുല്യം സ്നേഹിക്കുന്ന നേതാക്കന്മാരുമുണ്ട്. അവര്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വീണതില്‍ ഏറെ വേദന ഉണ്ട്. അവരോടൊന്നും എനിക്ക് പരാതിയില്ല. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സ് ഏതെന്ന് തെളിയിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ്. മുന്നോട്ടുള്ള വഴികളില്‍ അവര്‍ ഒപ്പമുണ്ടാകണമെന്ന ആഗ്രഹവും അഭ്യര്‍ത്ഥനയും പരസ്യമായി തന്നെ മുമ്പോട്ടുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആത്യന്തികമായി ജനങ്ങളാണ് രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നത് എന്നാണ് മാണി സാര്‍ ഞങ്ങളെ പഠിപ്പിച്ചത്. ജനകീയ രാഷ്ട്രീയമായിരുന്നു മാണിസാറിന്റെ പൈതൃകം. ആ പൈതൃകത്തില്‍ ഉറച്ചുനിന്ന് പൊരുതി മുന്നേറാന്‍ ഈ വിധി സഹായിക്കും.